നഷ്ടപരിഹാരം

All Rights Reserved ©

Summary

ദുരന്തങ്ങൾക്ക് ശേഷം സർക്കാർ ഫോമുകൾ നിറയും. കോളങ്ങളിലേക്ക് നഷ്ടങ്ങൾ ഒതുങ്ങും. വീട്, ഭൂമി, ജീവൻ — എല്ലാം സംഖ്യകളാകും. പക്ഷേ ചില നഷ്ടങ്ങൾക്ക് വിലയില്ല. അവ അളക്കാൻ കോളമില്ല. അവയ്ക്ക് നഷ്ടപരിഹാരമില്ല.

Status
Complete
Chapters
1
Rating
5.0 1 review
Age Rating
16+

നഷ്ടപരിഹാരം

ഉരുള്‍പൊട്ടൽ കഴിഞ്ഞാൽ മലകൾക്ക് ശബ്ദമില്ല.

വീണ കല്ലുകളുടെ മണം മാത്രം ബാക്കിയാകും.

മണ്ണിൽ വെള്ളം ഇനിയും പതുക്കെ ചലിക്കും.

ആ ശാന്തതയിൽ ആളുകൾ സംസാരിക്കുന്നത് പോലും പതുക്കെയാകും —

കാരണം ശബ്ദം ഉയർന്നാൽ എന്തെങ്കിലും വീണ്ടും പൊട്ടിപ്പോകും എന്ന പേടി.

രവി ആദ്യമായി ആ ഗ്രാമത്തിൽ എത്തിയപ്പോൾ

ആളുകൾ പേരുകൾ കൊണ്ട് അല്ല

വീടുകളുടെ സ്ഥാനങ്ങൾ കൊണ്ടാണ് സംസാരിച്ചത്.

“അവിടെ ഉണ്ടായിരുന്ന വീട് പോയി…”

“ഇവിടെ ഉണ്ടായിരുന്ന റോഡ് ഇല്ല…”

“അവിടെ ആളുകൾ ഉണ്ടായിരുന്നു…”

അവൻ ലിസ്റ്റ് തുറന്നു.

വീട് — ✔

ഭൂമി — ✔

കന്നുകാലി — ✔

വാഹനം — ✔

ജീവൻ — ഒരു കോളം മാത്രം.

അത് എഴുതാൻ സമയം കുറവായിരുന്നു.


മൂന്നാം ദിവസം അവൻ ആ വീട്ടിലെത്തി.

വീട് ഇല്ല.

അടിത്തറ മാത്രം.

മണ്ണിൽ പകുതി കുഴിഞ്ഞ ഒരു വാതിൽ

മരിച്ചുപോയ ഓർമ്മ പോലെ നിവർന്ന് നിൽക്കുന്നു.

അവൾ അവിടെ ഇരിക്കുകയായിരുന്നു.

“പേര്?”

“ദേവി”

“അപേക്ഷ കൊടുത്തില്ലല്ലോ?”

അവൾ തലകുനിച്ചു.

“ഒന്നും നഷ്ടപ്പെട്ടിട്ടില്ല സാർ”

രവി പതിവ് പോലെ ചിരിച്ചു.

“വീട് മുഴുവൻ പോയല്ലോ”

“അത് വീട് ആയിരുന്നു… ജീവിതം അല്ല”

അവൻ എഴുതി:

House – Completely damaged

“കുടുംബാംഗങ്ങൾ?”

“രണ്ടു പേർ”

“മരിച്ചു?”

അവൾ ചിന്തിച്ചു.

“അങ്ങനെ പറയാം…”

രവി തല ഉയർത്തി നോക്കി.


അടുത്ത ദിവസം അവൻ വീണ്ടും വന്നു.

ഫോം അവളുടെ മുന്നിൽ വെച്ചു.

“ഇതിൽ ഒപ്പിട്ടാൽ നഷ്ടപരിഹാരം കിട്ടും”

അവൾ വായിച്ചില്ല.

“എത്ര കിട്ടും?”

അവൻ തുക പറഞ്ഞു.

അവൾ ശാന്തമായി ചോദിച്ചു:

“ഇത് എന്തിന്റെ വിലയാണ് സാർ?”

“സർക്കാർ നിശ്ചയിച്ച തുകയാണ്”

“വീട്?”

“അതെ”

“മനുഷ്യന്?”

“അതിനും വേറെ ഉണ്ട്”

അവൾ ചിരിച്ചു.

“ജീവിച്ചിരുന്നതിന് എന്തെങ്കിലും ഉണ്ടോ?”

രവി ഒന്നും പറഞ്ഞില്ല.


രാത്രിയിൽ ക്യാമ്പ് ഓഫീസിൽ

രവി പഴയ ഫയലുകൾ തുറന്നു.

വർഷങ്ങൾ മാറി.

ദുരന്തങ്ങൾ മാറി.

തുക മാറി.

പക്ഷേ ഫോം മാറിയില്ല.

Loss description — നാല് വരി.

Amount — ഒരു സംഖ്യ.

ഒരു ഫയലിലും

“മതി” എന്ന് എഴുതിയിട്ടില്ല.


നാലാം ദിവസം അവൻ വീണ്ടും പോയി.

അവൾ ഇന്നും അതേ കല്ലിൽ ഇരിക്കുന്നു.

“അപേക്ഷ കൊടുക്കില്ലേ?”

“കൊടുത്താൽ എന്താകും സാർ?”

“കേസ് close ചെയ്യും”

“എനിക്ക് എന്തെങ്കിലും തുറക്കുമോ?”

അവൻ മറുപടി കണ്ടെത്തിയില്ല.

“എന്റെ ഭർത്താവ് മരിച്ചു —

അതിനുള്ള തുക ഉണ്ട്

എന്റെ മകൾ മരിച്ചു —

അതിന്നും തുക ഉണ്ട്

പക്ഷെ അവൾ ഇന്നലെ വരെ ജീവിച്ചിരുന്നതിന്

എത്ര സാർ?”

കാറ്റ് വീശി.

മണ്ണ് അല്പം ഇടിഞ്ഞു.

“എനിക്ക് നഷ്ടപരിഹാരം വേണ്ട സാർ

എന്റെ നഷ്ടം തിരിച്ചു തരാൻ പറ്റുമോ?”


ആ ദിവസം വൈകുന്നേരം

രവി ഫയൽ തുറന്നു.

Category നിറയ്ക്കേണ്ടത് ബാക്കി.

Property damage ✔

Human casualty ✔

അവൻ പേന നിർത്തി.

ഒരുപാട് നേരം.

പിന്നെ എഴുതി:

Loss : Not assessable


ഓഡിറ്റ് ഓഫീസിൽ ഫയൽ തിരികെ വന്നു.

Invalid entry

Specify category

അവൻ വീണ്ടും തുറന്നു.

വീണ്ടും വായിച്ചു.

അവളുടെ ഒപ്പ് ഇല്ലാത്ത അപേക്ഷ നോക്കി.

പിന്നെ അവസാനമായി എഴുതി:

Compensation sanctioned : Nil

Reason : Complete


അടുത്ത ദിവസം അവൻ അത് കൊണ്ടു പോയി.

“ഇതിൽ ഒപ്പിടൂ”

അവൾ വായിച്ചു.

വളരെ നേരം.

ആദ്യമായി അവൾ ഒപ്പിട്ടു.

“ഇപ്പോൾ കേസ് ക്ലോസെ ആയോ സാർ?”

രവി പറഞ്ഞു —

“അതെ”

അവൾ തലകുനിച്ചു.

“എന്റെ ജീവിതവും”

മലയിൽ കാറ്റ് വീണ്ടും വീശി.

ഈ പ്രാവശ്യം ഒന്നും വീണില്ല.

************Saurab Bharathan