ഓർമകളിൽ
ചന്ത കടവിലെ ഒരു കടയിൽ നിന്നും സിഗരറ്റ് പാക്കറ്റും ലൈറ്ററും വാങ്ങിയിട്ട് അവൻ പറഞ്ഞു ‘ ചേട്ടാ ഈ ബൈക്ക് ഒന്ന് നോക്കിയേക്കണേ...’ ഞാൻ ആ കായലറ്റം വരെ ഒന്നു പോയിട്ട് വരാം.
കടക്കാരൻ പുറത്തുനിന്ന് വരുന്ന ഒരാളെ നോക്കുന്നത് പോലെ അവനെ നോക്കി.എന്നിട്ട് തലയാട്ടി..അവൻ കടയ്ക്കുള്ളിൽ മാലചാർത്തി തൂക്കിയിരിക്കുന്ന ഒരു മനുഷ്യൻ്റെ ചിത്രത്തിലേക്ക് നോക്കിയിട്ട് ആ കടക്കാരൻ്റെ മുഖത്തേക്ക് നോക്കി..എന്തോ ചോദിക്കാൻ തുനിഞ്ഞ അവൻ പൊടുന്നനെ അത് വേണ്ടന്ന് വെച്ച് ഒരു കോൺക്രീറ്റ് പാലം മുറിച്ച് കടന്നു മുന്നോട്ട് നടന്നു..അവൻ പോക്കറ്റിനുള്ളിൽ നിന്നും പുറത്തെടുത്ത പാക്കറ്റിൽ നിന്ന് ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു..അവൻ വലത് വശത്തെ വലിയ മൈതാനത്തിലേക്ക് നോക്കി. അവിടെ കുറെ കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നത് കണ്ട അവൻ്റെ മനസ്സിലൂടെ എന്തൊക്കെയോ അവ്യക്തമായ ഓർമകൾ മിന്നിമറഞ്ഞു പോയി..അവൻ ഒരു പുകയെടുത്തു മുന്നോട്ട് നടന്നു..ഈ നാട്ടിൽ നിന്നു പോകുമ്പോൾ ഇങ്ങോട്ട് വരാതെ പോയാൽ?ഓർമ്മകൾ തുടങ്ങിയെടുത്ത് തന്നെ ഓർമ്മകൾ അവസാനിക്കട്ടെ.അവൻ ചിന്തിച്ചു.പുതിയ ജോലി പുതിയ ജീവിതം. കന്നഡ പഠിക്കണം പറ്റുമെങ്കിൽ അവിടെ തന്നെ സെറ്റിൽ ആകണം അവൻ മനസിൽ പറഞ്ഞു..ഇവിടെ താമസിച്ചിരുന്ന ആളുകൾ ഒക്കെ എവിടെപ്പോയി?കുറെ ഇടിഞ്ഞ് പൊളിഞ്ഞ വീടുകൾ കണ്ട് അവൻ്റെ മനസിൽ ഓർമ്മകൾ പതഞ്ഞുപോങ്ങി..ശല്യങ്ങൾ ഇവന്മാർക്ക് മലയാളം പാട്ട് കേട്ടുകൂടെ അല്ലെങ്കിൽ ശബ്ദം കുറച്ച് വെച്ച്കൂടെ ജോലിക്കാണെന്നും പറഞ്ഞ് ഓരോർത്തന്മാര് കുടുംബവും കുട്ടികളുമായിട്ട് വരും എന്നിട്ട് ഇവിടെ വീടും വെച്ച് താമസിക്കും. ഇവന്മാർ ഒക്കെ കൂടെ നമ്മളെ ഇവിടുന്ന് ഓടിക്കുവോ എന്തോ? ഷേർളി ആൻ്റി രാത്രികളിൽ ദൂരേക്ക് നോക്കി ദേഷ്യപ്പെടുന്നത് അവൻ്റെ ഓർമയിലൂടെ മാഞ്ഞുപോയി..ആരൊക്കെയോ പരാതി പറഞ്ഞ് കൊണ്ട് രാത്രികാലങ്ങളിൽ അവർ പാട്ട് വെക്കാതെയായി..രാവും പകലും ആളുകളുടെ ഒച്ചപാടിനേക്കാളും ഉച്ചത്തിൽ തമിഴ് പാട്ടുകൾ മാത്രം കേട്ടിരുന്ന വീടുകൾ. അവൻ്റെ ചിന്തകളെ തടസ്സപ്പെടുത്തിക്കൊണ്ട് പെട്ടന്ന് തോടിന് കുറുകയുള്ള മേൽപാലത്തിലൂടെ ഒരു ട്രെയിൻ ഹോൺ മുഴക്കി കടന്നുപോയി..എട്ട് കൊല്ലംകൊണ്ട് എന്തൊക്കെ മാറ്റങ്ങളാണ് ഇവിടെ സംഭവിച്ചത്.. അവൻ മനസിൽ പറഞ്ഞു.. എരിഞ്ഞ് തീർന്ന സിഗരറ്റ് കുറ്റി വഴിയരികിലേക്ക് എറിഞ്ഞുകൊണ്ട് ചിന്തകൾക്ക് വിരാമം ഇട്ട് അവൻ ചെറു പുല്ലുകളെ ചവിട്ടി താഴ്ത്തി മുന്നോട്ട് നടന്നു. അവൻ നടന്ന് ഒരു ചെറിയ തൂക്കുപാലത്തിന് മുന്നിലെത്തി പടികളെല്ലാം ഇളകി പോയിരിക്കുന്നു..അവൻ്റെ മുന്നിലൂടെ മൂന്ന് പയ്യന്മാർ ചിരിച്ചുകൊണ്ട് ഉന്തിയും തള്ളിയും നടന്നു പോകുന്നതായി അവൻ്റെ ഓർമ്മയിൽ മിന്നി..നാൻ അടിച്ചാ താങ്ങ മാട്ടാനാല് മാസം തൂങ്ങ മാട്ടാമോതി പാര് വീട് പോയി സെറ മാട്ടാജ്യോതി പാട്ടും പാടി ഇരുണ്ട ഗുഹപോലെ തോന്നിക്കുന്ന ഇടനാഴിയിലേക്ക് ടിക്കറ്റ് എടുക്കാനായി കേറി പോയി..ശബരി നിനക്ക് ചിപ്സ് വല്ലതും വേണോ കഴിക്കാൻ റോണി ചോദിച്ചു.വേണ്ട ചേട്ടാ ശബരി പറഞ്ഞു..നീ കരാട്ടെ പഠിക്കാൻ പോകുന്നുണ്ടെന്ന് ജ്യോതി പറഞ്ഞു.. എത്രാമത്തെ ബെൽറ്റാഡ ഇപ്പൊൾ അത്രയ്ക്കൊന്നും ആയില്ല ചേട്ടാ. സ്കൂളിലെ സർ പറഞ്ഞിട്ടാണ് വെറുതേ പോയിത്തുടങ്ങിയതാ..ചേട്ടൻ ഇന്ന് തിരുമാനൂർ പോകുന്നുണ്ടോ?ഉണ്ട്. അച്ഛനേയും അമ്മയും ഒക്കെ കണ്ടിട്ട് എത്ര നാളായി.. എന്നിട്ട് തിങ്കളാഴ്ച വരും.. റോണി ശബരിയുടെ തോളിൽ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു..പൊടുന്നനെ ടിക്കറ്റ് എടുക്കാൻ നിന്നിരുന്ന ആളുകൾ ശബ്ദമുണ്ടാക്കാൻ തുടങ്ങി. എല്ലാരും ചേർന്ന് ഒരു പയ്യനെ കൈകൾ കൊണ്ട് അവരുടെ തലകൾക്കുമുകളിലൂടെ താങ്ങി പുറത്തേക്ക് കൊണ്ട് വന്നു. ബോധം പോയി വീണതാണ്. ആരൊക്കെയോ വിളിച്ച് പറഞ്ഞു..റോണി അയ്യോ ജ്യോതി എന്ന് വിളിച്ച് പറഞ്ഞുകൊണ്ട് അവനരിക്കിലേക്ക് ഓടി..അവർ ജ്യോതിയെ താഴെ കിടത്തി. ഒരാൾ ഒരു കുപ്പി വെള്ളം അവനിലേക്ക് നീട്ടി അവൻ വെള്ളം ജ്യോതിയുടെ മുഖത്തേക്ക് തളിച്ചു.. ജ്യോതി പയ്യെ കണ്ണുതുറന്ന് താൻ എവിടെയാണെന്ന് ഉറപ്പുവരുത്താനായി ചുറ്റും നോക്കി. വിയർത്ത് കുതിർന്ന അവൻ്റെ ഷർട്ടിൽ പറ്റിപ്പിടിച്ച മണ്ണ് അവൻ തട്ടിക്കളഞ്ഞു എഴുന്നേറ്റ് റോണിയുടെ കയ്യിൽ നിന്ന് വെള്ളം വാങ്ങി വായിലേക്ക് ഒഴിച്ചു.. സിനിമക്ക് ടിക്കറ്റ് എടുക്കാൻ കൂടി നിന്നവർ അമ്പരപ്പോടെ അവരെ നോക്കി.. നിരയിൽ നിന്നിരുന്ന ഒരാൾ ജ്യോതിയുടെ കയ്യിൽ നിന്നും പണം വാങ്ങി അവർക്ക് ടിക്കറ്റ് എടുത്ത് കൊടുത്തു.. അവൻ വലത് വശത്തുള്ള പാതി പൊളിഞ്ഞ പായൽ പിടിച്ചു തുടങ്ങിയ വീട്ടിലേക്ക് നോക്കി. ഓർമകൾ തികട്ടി വന്നു. ഷേർളി ആൻ്റി അവൻ മനസിൽ പറഞ്ഞു. അവർക്ക് എത്ര മുഖങ്ങളുണ്ടായിരുന്നു?വീട്ടിൽ ആരും ഇല്ലാത്തപ്പോൾ സ്നേഹവാത്സല്യത്തിൻ്റെ മറവിൽ അവർ എൻ്റെ ശരീരഭാഗങ്ങളിൽ സ്പർശിച്ച് അസ്വസ്ഥപ്പെടുത്തുമ്പോൾ ഞാൻ കണ്ട ഒരു മുഖം. അങ്ങനെ എത്ര മുഖങ്ങൾ. അതൊക്കെ യഥാസമയങ്ങളിൽ അവർ അണിയുന്ന മുഖംമൂടികളായിരുന്നോ? അവർക്ക് ഞാൻ അറിയാത്ത വേറെയും മുഖങ്ങളുണ്ടായിരുന്നോ?അവൻ അല്പം മുന്നോട് നടന്നു.അവൻ ആ പായല് പിടിച്ച വീടിൻ്റെ പിന്നിലുള്ള പാടവരമ്പത്തേക്ക് നോക്കി.ഉള്ളിൽ നിന്നും ഓർമകൾ വീണ്ടും തികട്ടി വന്നു.“കാറ്റ്രേ എൻ വാസൽ വന്തായി, മെതുവാഗ കഥവ് തുറന്തായ്”ദേവിക പാടി..ഇതാണോ നിൻ്റെ ഇഷ്ടപ്പെട്ട പാട്ട് അവൻ ചോദിച്ചുഅതെ ഇത് കേൾക്കുമ്പോൾ എനിക്ക് നാട് ഓർമ വരും..അവൾ ചിരിച്ചു.. എൻ്റെ ഓർമകൾ എല്ലാം തുടങ്ങിയത് അവിടെ നിന്നല്ലേ..അവൾ അവൻ്റെ തോളിൽ മെല്ലെ തല ചായിച്ചു..അവൻ അവളുടെ മുഖം ഉയർത്തി.. കവിളിൽ ചുംബിച്ചു..അവളുടെ കണ്ണുകൾ തിളങ്ങി..പൊടുന്നനെ പിറകിൽ നിന്ന് ആക്രോശിച്ചുകൊണ്ട് ഷേർളി ചാടി വീണു..എടാ ഇതിനാണെല്ലേ നീ ഇവിടെ നിൽക്കുന്നത്..എഴുന്നേക്കട അവിടുന്ന്..ആൻ്റണി ശബ്ദം കേട്ട് ഓടി വന്നു..എന്താടി എന്താ പ്രശ്നം?കണ്ടില്ലേ ചെക്കൻ കാണിച്ചത്..അവൻ ലീവും കഴിഞ്ഞ് വീട്ടിൽ പോകാതെ ഇവിടെ നിന്ന് സ്കൂളിൽ പൊക്കോളാം എന്ന് പറഞ്ഞത് ദേ ഇതിനാണ്..അവർ പരിഹസിച്ചുകൊണ്ട് അയാളോട് പറഞ്ഞു..ഷേർളി ദേവികയെ സഹാനുഭൂതിയോടെ നോക്കി..ഞങ്ങൾ ഇഷ്ടത്തിലാണ് ഞങ്ങൾ കല്യാണം കഴിക്കും. റോണി എടുത്ത വായിൽ പറഞ്ഞു..അവർ രണ്ട് പേരും നിശബ്ദരായി നിന്നു.. എന്നിട്ട് ദേവികേയ നോക്കി..ദേവിക ഒന്നും മിണ്ടാതെ താഴേക്ക് നോക്കി നിന്നു..അൽപ നിമിഷത്തിന് ശേഷം ഷേർളി തുടർന്നു..നീ എന്താ പറഞ്ഞത് കല്യാണം കഴിക്കാനോ?മോള് വീട്ടിലോട്ടു ചെല്ല് പോക്കോ ആൻ്റണി ദേവികയെ ഉന്തി വിട്ടു..അവൾ പിന്നോട്ട് തിരിഞ്ഞ് നോക്കി നോക്കി നടന്നു പോയി..ഷേർളി അവനെ പിടിച്ച് വലിച്ച് വീടിന് അകത്തേക്ക് കൊണ്ടുപോയി..എടാ പൊട്ടാ എന്ത് കണ്ടിട്ടാ നീ ഇങ്ങനെയൊക്കെ പറയുന്നത്..നിൻ്റെ പ്രായത്തിൻ്റെ ആവേശം കൊണ്ട് ചാടിക്കേറി ഓരോന്ന് പറഞ്ഞാലൊണ്ടല്ലോ!അതും നിനക്ക് പ്രേമിക്കാൻ ആ തമിഴത്തിയേ മാത്രേ കിട്ടിയൊള്ളോ?എടാ ഇട്ടാവട്ടത് ഉള്ള ഒരു വീടില്ലാതെ ഇവർക്കൊക്കെ എന്താടാ ഉള്ളത്?അവൾ ശബ്ദം താഴ്ത്തി പറഞ്ഞു..ഇത് ഞാൻ തീരുമാനിച്ചതാ ഞങ്ങൾ ഇഷ്ടത്തിലാണ് ഇവളെ മാത്രമേ ഞാൻ കല്യാണം കഴിക്കൂ..റോണി ആണയിട്ട് പറഞ്ഞു..ചെറുപ്പം അല്ലെ ഈ ആവേശം ഒക്കെ പയ്യെ മാറിക്കോളും.. അത് മാത്രമല്ല അവൾ ഹിന്ദുവല്ലേ ഇവൻ്റെ വീട്ടിലുള്ളവർ സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ? നീ ഇത് ഇപ്പൊൾ ഒരു പ്രശ്നം ആക്കണ്ടാ.. ആൻ്റണി ഷേർളിയോട് അടക്കം പറഞ്ഞു..അവൻ സാവധാനം മുന്നോട്ട് നടന്നു. ഇലകൊഴിഞ്ഞു ഉണങ്ങി നിൽക്കുന്ന ഒരു ആഞ്ഞിലിയിലേക്ക് അവൻ നോക്കി..ഓർമകൾ ഉയരുന്നതിനൊപ്പം അവൻ്റെ കണ്ണുകളിൽ നനവ് പടർന്നു..നീയും പോകുന്നുണ്ടോ പഴനിക്ക് റോണി ദേവികയോട് ചോദിച്ചു..പോകുന്നുണ്ട്. കുഞ്ഞിലെ പോയതാ ഒരു ഓർമ്മ. പിന്നെ ഇപ്പോഴാണ് പോകാൻ ഒരു അവസരം കിട്ടുന്നേ.അമ്മയുടെ ബന്ധുക്കളെ എല്ലാം ഈ പോക്കിൽ കണ്ടിട്ട് വരും എന്നാണ് അഛൻ പറഞ്ഞത് അതിൻ്റെ കൂടെ തമിഴ്നാടും കാണാമല്ലോ?അവൾ പറഞ്ഞു..റോണി അവളുടെ കെയിൽ കോർത്ത് പിടിച്ചുകൊണ്ട് കായ്ച്ചു നിൽക്കുന്ന ആഞ്ഞിലി മരത്തിനടുത്തേക്ക് നടന്നു..ടാ ജ്യോതി, ശബരി ഇവളെ നോക്കണേടാ..അവൻ പറഞ്ഞു.നീ നിന്ന് സിനിമ ഡയലോഗ് അടിക്കാതെ.. ജ്യോതി കളിയാക്കി പറഞ്ഞു..നീ പഴനിയിൽ നിന്ന് വരുമ്പോൾ മൊട്ട അടിച്ചോണ്ട് ഇങ്ങോട്ട് വരരുതേ.. റോണിയും വിട്ടുകൊടുത്തില്ല..എല്ലാവരും അതിനൊപ്പം ചിരിച്ചു..അവൻ ദേവികയെ മുറുകെ കെട്ടിപ്പിടിച്ചു..അവളുടെ കണ്ണിലെ നനവ് അവൻ കണ്ടു..അവർ രണ്ടുപേരും പരസ്പരം നോക്കി പുഞ്ചിരിച്ചു..ജ്യോതിയും ശബരിയും ഇതൊക്കെ കണ്ട് പരസ്പരം മുഖത്തേക്ക് നോക്കി നിന്നു..അവൻ വാച്ചിൽ സമയം നോക്കി..ആറുമണി കഴിഞ്ഞിരുന്നു.അവൻ തിരിച്ച് പോവാനായി വന്ന വഴി നടന്നു.. അല്പ ദൂരം നടന്നതും ദൂരെ നിന്ന് അവനെതിരേ ഒരു യുവതി നടന്നു വരുന്നത് അവൻ കണ്ടു..അവരുടെ മുഖം സന്ധ്യവെളിച്ചത്തിൽ അവന് വ്യക്തമായി..ഓർമകൾ മനസ്സിലൂടെ മിന്നിമറഞ്ഞു..എടി നമുക്ക് ഈ ബന്ധം അവസാനിപ്പിക്കാം ഇത് ശരിയാവില്ല..നമ്മൾ തമ്മിൽ ഒരുപാട് വ്യത്യാസങ്ങൾ ഉണ്ട് നമുക്ക് വേണ്ടത് രണ്ട് ജീവിതമാണ്.. ഇപ്പോഴുള്ള ചെറിയ പ്രശ്നങ്ങൾ പോലെയല്ല..ഇനിയും നമ്മൾ ഈ ബന്ധം തുടർന്നാൽ അത് വലിയ വഴിക്കലേഅത് അവസാനിക്കൂ.. അവൻ്റെ കണ്ണുകൾ നിറഞ്ഞു.. ഏത് പ്രശ്നവും നമുക്ക് സോൾവ് ചെയ്യാം എന്നല്ലേ നീ പറയാറുള്ളത്? അവൾ ചോദിച്ചു. എന്നോട് ക്ഷമിക്ക്. ഇത് എങ്ങനെ സോൾവ് ചെയ്യണമെന്ന് എനിക്ക് അറിയില്ല.. അല്പ നിമിഷം മൗനമായി നിന്നതിനുശേഷം അവൾ പറഞ്ഞു. ശെരിയാടാ ഇത് മുന്നോട്ട് പോവില്ല നമ്മൾ ഇവിടെ വെച്ച് പിരിയുന്നതാണ് നല്ലത്.. അവൻ ഒന്നും മിണ്ടാതെ ചുണ്ട് രണ്ടും കടിച്ച് പിടിച്ച് നിന്നു.. അവൻ ശരി എന്ന് പറഞ്ഞ് ചുണ്ടിൽ ഒരു ചിരി വരുത്താൻ ശ്രമിച്ചുകൊണ്ട് തിരിഞ്ഞ് നടന്നു..അവളുടെ മനശക്തി ചോർന്നു പോകുന്നപോലെ അവൾക്ക് തോന്നി. അവനെ ഓടി ചെന്ന് കെട്ടിപിടിച്ച് നമുക്ക് പിരിയണ്ട എന്ന് പറയണം എന്നവൾക്ക് തോന്നി.. പക്ഷെ അവൾ നിന്ന നിൽപ്പിൽ നിന്ന് അനങ്ങിയില്ല..അവന് നേരെ നടന്ന് വരുന്ന ദേവികയെ കണ്ടതും അവൻ്റെ മനസിൻ്റെ ആഴങ്ങളിൽ നിന്ന് അവളോട് ചോദിക്കാൻ കഴിയാതെ പോയ കുറേ ചോദ്യങ്ങൾ ഉയർന്നുവന്നു..അവൾക്ക് എളുപ്പമായിരുന്നോ എല്ലാം? ഞാൻ കടന്ന് പോയ വേദനകളിലൂടെയും മാനസിക സംഘർഷങ്ങളിലൂടെയും തന്നെയായിരിക്കുമോ അവളും കടന്നുപോയത്? അവനെ എന്നെങ്കിലും അവൾ വിളിക്കും എന്ന് അവൻ കരുതിയിരുന്നു. പക്ഷേ ഒരിക്കലും അവൾ അവനെ വിളിക്കുകയോ അന്വേഷിക്കുകയോ ചെയ്തില്ല.അവളുടെ ജീവിതത്തിലേക്ക് കടന്നുചെല്ലാതെ അവൻ അവളെക്കുറിച്ച് അന്വേഷിച്ചിരുന്നു. ദൂരെ നിന്ന് അവൻ അവളുടെ ജീവിതം നോക്കിക്കണ്ടു.. അവളുടെ സന്തോഷങ്ങളും ദുഃഖങ്ങളും അവളറിയാതെ അവൻ പങ്കിട്ടു.അതിനിടയിൽ മറ്റൊരാളെ സങ്കൽപ്പിക്കാനോ കണ്ടെത്താനോ അവൻ ശ്രമിച്ചില്ല. “സ്നേഹം എന്നത് ബന്ധങ്ങൾ കൊണ്ട് നിർവചിക്കാൻ കഴിയുന്ന ഒന്നല്ല എന്ന് അവൻ മനസ്സിലാക്കിയത് അങ്ങനെയാണ്..”അവൾ ചുണ്ടിൽ ഒരു പുഞ്ചിരിയുമായി അവൻ്റെ അടുത്തേക്ക് വന്നു..ഇങ്ങോട്ടുള്ള വഴിയൊക്കെ ഓർമയുണ്ടോ?അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു..അവന് പെട്ടന്ന് ഒരു മറുപടി പറയാൻ കഴിഞ്ഞില്ല.. എവിടേക്കെങ്കിലുംപോകുന്ന വഴി ആണോ?അല്ലാ ഇങ്ങോട്ട് തന്നെ വന്നതാ.. അവൻ പറഞ്ഞു..ഇവിടെ നിന്ന് പോകുകയാണല്ലേ അവൾ ഒരു ചിരിയോടെ അവനോട് ചോദിച്ചു..അവൾക്ക് എങ്ങനെ മനസിലായി? അവൻ അത്ഭുതപ്പെട്ടുഅതെ പോവുന്നു.. ഇവിടെ എനിക്ക് എന്താണ് ഉള്ളത് അവൻ പറഞ്ഞു.ഉണ്ടായിരുന്നപ്പോൾ ഇങ്ങോട്ട് വന്നില്ലല്ലോ?അവൾ ചോദിച്ചു..നീയും എന്നെ വിളിച്ചില്ലലോ?അവൻ മറുപടി പറഞ്ഞു..അവർ രണ്ടുപേരും പരസ്പം മുഖത്തേക്ക് നോക്കി കുറെ നേരം നിന്നു..അവന്മാർ?അവൻ ചോദിച്ചു..അവർക്ക് സുഖമാണ്. നീ ഞങ്ങളെ ജീവിച്ചിരുന്നപ്പോൾ കാണാൻ വരാത്തിരുന്നതിലുള്ള വിഷമം മാത്രമേ അവർക്കൊള്ളൂ.. എനിക്കും..അവർ നിന്നെ അന്വേഷിച്ചു എന്നുപറയാൻ പറഞ്ഞു..അവൾ പറഞ്ഞു..അവനുള്ളിൽ വല്ലാത്ത കുറ്റബോധം തോന്നി..വരാതിരുന്നത്.. അവൻ എന്തോ പറയാൻ തുടങ്ങി എന്നിട്ട് നിർത്തി..സന്ധ്യചുവപിൻ്റെ പ്രതിഫലനം കൊണ്ട് അവളുടെ മുഖം ചുവന്നു.ഞങ്ങളെ നീ ഓർക്കാറുണ്ടോ?അവൾ ചോദിച്ചു..അവൻ്റെ കണ്ണുകൾ നിറഞ്ഞു.. ഓർക്കാത്ത ദിവസങ്ങൾ ഇല്ല..അവൻ പറഞ്ഞു..അവൾ പുഞ്ചിരിച്ചു..ഏയ്..! ആരാ അത്. ഇവിടെ എന്ത് ചെയ്യുവാ?ആരോ എവിടെ നിന്നോ വിളിച്ച് ചോദിച്ചു..റോണി ചുറ്റും നോക്കി. ഒരു മനുഷ്യൻ ടോർച്ച് തെളിച്ചുകൊണ്ട് ഇരുട്ടിലൂടെ നടന്നു വരുന്നത് അവൻ കണ്ടു..അവൻ ദേവികയെ നോക്കി. ചുറ്റും ഇരുട്ട്. അവളെ അവിടെയെങ്ങും അവന് കാണാൻ കഴിഞ്ഞില്ല..സമയം കടന്നുപോയതോ ഇരുട്ട് വീണതോ ഒന്നും അവൻ അറിഞ്ഞില്ല..അയാൾ അവനടുത്തേക്ക് നടന്നുവന്നു..ഇവിടെ എന്താ? കുറെ നേരമായി ഒറ്റയ്ക്ക് നിൽക്കുന്നത് കണ്ടു വന്നതാ.അയാൾ പറഞ്ഞു..ഒറ്റയ്ക്കോ? അവൻ അത്ഭുതപ്പെട്ടു.ഈ ഭാഗത്ത് ആരും താമസമില്ല.അയാൾ പറഞ്ഞു..അവൻ്റെ മനസിന് യഥാസ്ഥികമാകാൻ അൽപ നേരം വേണ്ടിവന്നു..രണ്ട് കുടുംബം ദാ അവിടെ പണ്ട് താമസിച്ചിരുന്നു.. അയാൾ ദൂരേക്ക് കൈ ചൂണ്ടി കാണിച്ചു. മൂന്നാല് വർഷം മുന്നേ ഒരു ആക്സിഡൻ്റിൽ അവർ എല്ലാരും മരിച്ചുപോയി.അയാൾ പറഞ്ഞു.വരൂ ഇരുട്ടത്ത് നിന്നാൽ എന്തെങ്കിലും കടിക്കും..അയാള് മുന്നേ ടോർച്ച് തെളിച്ച് നടന്നു. റോണി പുറകെയും. അവൻ ചുറ്റിലും ദേവികയെ പരതി കൂരിരുട്ട് അല്ലാതെ അവന് മറ്റൊന്നും കാണാൻ കഴിഞ്ഞില്ല. അവൻ നടക്കുമ്പോൾ കണ്ണുകളിൽ നിന്നും കണ്ണീർ ഇറ്റു വീണുകൊണ്ടിരുന്നു.